പാലക്കാട്: നരികുത്തി മൃഗാശുപത്രിക്ക് സമീപം തീപിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. മുനിസിപ്പൽ ബസ് സ്റ്റാൻഡിന് സമീപമുള്ള സ്ഥലത്താണ് വെള്ളിയാഴ്ച തീപിടിത്തമുണ്ടായത്. തീ മൃഗാശുപത്രി കെട്ടിടത്തിലേക്ക് വ്യാപിക്കുന്നതിനു മുമ്പ് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന സ്ഥലത്താണ് അഗ്നിബാധയുണ്ടായത്. പ്ലാസ്റ്റിക്ക് സാധനങ്ങളും മാലിന്യങ്ങളും പറമ്പിൽ കൂട്ടിയിട്ട് കത്തിച്ചതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിച്ച സ്ഥലത്ത് നിരവധി ഫ്ലാറ്റുകളും വീടുകളുമുണ്ട്.
എന്നാൽ തീ അണയ്ക്കാനായി ഫയർഫോഴ്സ് സംഘത്തിന് പറമ്പിലേക്കെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഫ്ലാറ്റിന്റെ മുകളിൽ കയറിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.